---
title: "മാധ്യമങ്ങൾക്ക് നേരെ നടന്ന കടന്നാക്രമണം അടിയന്തിരാവസ്ഥയ്ക്ക് തുല്യം: പിണറായി വിജയൻ"
english_title: "Pinarayi Vijayan Condemns Police Raid on Media House in Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382871/  pinarayi-vijayan-condemns-police-raid-on-media-office-kochi"
published_at: "2026-09-16T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa19f59ee48_download_(11).jpeg"
keywords: ["Pinarayi Vijayan", "Kerala Police", "Media freedom Kerala", "Police raid news room"]
---

# മാധ്യമങ്ങൾക്ക് നേരെ നടന്ന കടന്നാക്രമണം അടിയന്തിരാവസ്ഥയ്ക്ക് തുല്യം: പിണറായി വിജയൻ

> **Lead Summary:** **കൊച്ചി**: മാധ്യമങ്ങൾക്ക് നേരെ നടന്ന കടന്നാക്രമണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവായ പിണറായി വിജയൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അതിരാവിലെ കൊച്ചിയിലെ ന്യൂസ് ഡെസ്കിൽ ഒരു സംഘം പൊലീസുകാർ ഇരച്ചുകയറി മാധ്യമ പ്രവർത്തകരുടെ ഫോണുകൾ ബലമായി പിടിച്ചെടുക്കുകയായിരുന്നു.

## Article Content

**കൊച്ചി**: മാധ്യമങ്ങൾക്ക് നേരെ നടന്ന കടന്നാക്രമണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവായ പിണറായി വിജയൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അതിരാവിലെ കൊച്ചിയിലെ ന്യൂസ് ഡെസ്കിൽ ഒരു സംഘം പൊലീസുകാർ ഇരച്ചുകയറി മാധ്യമ പ്രവർത്തകരുടെ ഫോണുകൾ ബലമായി പിടിച്ചെടുക്കുകയായിരുന്നു.

ഒന്നര മണിക്കൂറോളമാണ് ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നും മാധ്യമപ്രവർത്തകരുടെ ദൃശ്യങ്ങൾ പൊലീസ് പകർത്തിയെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള അതിക്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡൽഹിയിലും മാധ്യമങ്ങൾക്ക് നേരെ നടക്കുന്നതിന് സമാനമായ ആക്രമണമാണ് ഇപ്പോൾ കേരളത്തിലും നടന്നിരിക്കുന്നത്. മുൻപ് 'ന്യൂസ് ക്ലിക്ക്' ഓഫീസിൽ അതിക്രമിച്ചു കയറി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും പത്രാധിപരെ ജയിലിൽ അടയ്ക്കുകയും ചെയ്തതിന് തുല്യമായ നിന്ദ്യമായ നടപടിയാണ് ഇവിടെയും അരങ്ങേറിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമങ്ങളുടെ വായടപ്പിക്കാനും സ്വതന്ത്ര പത്രപ്രവർത്തനത്തെ തടസ്സപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഇത്തരം ജനാധിപത്യവിരുദ്ധമായ അതിക്രമങ്ങൾ കേരള പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ നടന്ന ഈ കടന്നാക്രമണത്തെ ശക്തമായി അപലപിക്കുന്നതായും സർക്കാരിന്റെ ഇത്തരം നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382871/  pinarayi-vijayan-condemns-police-raid-on-media-office-kochi)